Poem

അങ്ങനെയൊരാള്‍ വരാനുണ്ട്

പ്രളയത്തില്‍ പാത കണ്ടെത്തിയ
പുഴപോലെയായിരിക്കും
ആ മനുഷ്യന്‍ നിങ്ങളിലേക്ക്
ഒഴുകിയിറങ്ങുന്നത്.
എവിടെവെച്ച് നിങ്ങളില്‍
കലര്‍ന്നുവെന്നുറപ്പായും
നിങ്ങള്‍ക്ക് കണ്ടെത്താനാവില്ലയെങ്കിലും
ചുഴിയിലും തിരയിലും
ഇനിക്കണ്ടു പിടിക്കാനാവാത്ത വണ്ണം
കലര്‍ന്നിരിക്കുമെന്നുറപ്പ്!
തീര്‍ച്ചയായും അങ്ങനെയൊരാള്‍
വരാനുണ്ട്


പൂര്‍വകാലങ്ങളിലൊന്നും
പ്രിയതരമായിട്ടില്ലാത്തത്രയും
നിങ്ങള്‍ക്കുതന്നെ
പ്രിയപ്പെട്ടൊരു നിങ്ങളെ
പറഞ്ഞും പങ്കിട്ടും
പതിയെ
മെനമെടുക്കാവുന്നൊരാള്‍.
അയാളുടെ ചിലപ്പില്‍
ചിരിയില്‍, ചിന്തയില്‍
ചോരച്ച്
പൂത്തുവീണൊരുമഞ്ചാടിത്തുള്ളിയാണ്
നിങ്ങളെന്നു സ്വയം
നിര്‍വചിപ്പിക്കാവുന്നൊരാള്‍


അയാളില്ലായ്മയില്‍
സന്തോഷങ്ങള്‍ക്ക് പൂപ്പലു പിടിക്കുന്നെന്നും
ശൂന്യത കനത്തുകനച്ച്
ഹൃദയം നരച്ചുപോകുന്നെന്നും
അയാളുണ്ടാവലുകളില്‍
വേദനയൊക്കെയും
തുപ്പല്‍ക്കുമിളപോലെ
പൊട്ടിപ്പോകുന്നെന്നും
ഒരൊറ്റ വിളിയില്‍
സന്താപച്ചെപ്പുലഞ്ഞന്യമാകുന്നെന്നും
തോന്നിപ്പിച്ചേക്കാവുന്നൊരാള്‍


കൊടിയ ദുഃഖങ്ങളുടെ
പങ്കുപറ്റി നീലിച്ചുപോകുന്ന
രാത്രികളിലൊന്നില്‍,
'എനിക്കിപ്പോള്‍ നിലാനീലയൊക്കെ
അതിതീക്ഷ്ണമാകുന്നു,
നീ വന്നതില്‍പ്പിന്നെ രാവുകളൊക്കെയും
നീലിച്ച് മായാ മറുകുപോലാത്മാവില്‍
ചേരുന്നതിനാല്‍'
എന്നു നിങ്ങള്‍
ഉപ്പുനീരുവപൊട്ടി
പറമേക്കാവുന്നൊരാള്‍


നിങ്ങളുടെ തൊണ്ടക്കുഴിയിലെ
നീറ്റല്‍പ്പരലുകളില്‍
ആരുമാരും വായിക്കാതെ സൂക്ഷിക്കുന്ന
സ്ഥായിയായ മുറിവിന്റെ
കവിത വേണമെന്ന് ശഠിച്ചേക്കാവുന്ന,
'ഞാന്‍ നിനക്ക്
എന്നിലിനി പിറന്നേക്കാവുന്ന
സകല കവിതകളുടെയും
ഉടമസ്ഥാവകാശം തീറെഴുതി
തരുന്നുവെന്ന്'
നിങ്ങളനുവദിക്കുന്ന
അവകാശങ്ങളുടെ ഉടമയാകുന്നൊരാള്‍


എത്രയപ്രത്യക്ഷമായാലും
നിങ്ങളുടെ മുറിച്ചുവരില്‍
പറന്നു വന്നിരുന്നേക്കാവുന്ന,
നിങ്ങളുടെ കരിമ്പടപ്പുതപ്പില്‍
നനുക്കെ വന്ന് തൊട്ടുപറന്നേക്കാവുന്ന,
ചാരച്ചിറകില്‍ കറുത്ത കണ്ണുകളുള്ള
രാശലഭം പോലെ,
രാവായ രാവൊക്കെയും
നിങ്ങളോട് മിണ്ടി മാത്രം
ഉറക്കത്തിലേക്കൂര്‍ന്ന്
പോയേക്കാവുന്നൊരാള്‍.
ഉള്‍പ്പെരുക്കങ്ങളിലും
ഉള്‍മുറിവുകളിലും
ഉയിരൊട്ടിനിന്ന്
ഞാനുണ്ടെന്ന്,
എനിക്ക് നീയേയുള്ളെന്ന്
നിലനില്‍പ്പ് നിറച്ചേക്കാവുന്നൊരാള്‍


തീര്‍ച്ചയായും അങ്ങനെയൊരാള്‍
വരാനുണ്ട്
തീര്‍ച്ചയായും അങ്ങനെയൊരാള്‍
ഇറങ്ങിപ്പോകാനുണ്ട്
തീര്‍ച്ചയായും അങ്ങനെയൊരാളെ
നിങ്ങളിറക്കിവിടാനുണ്ട്
തീര്‍ച്ചയായും അങ്ങനെയൊരാള്‍
ഇറങ്ങിപ്പോയതില്‍
അങ്ങനെയൊരാളെ ഇറക്കിവിട്ടതില്‍
നിങ്ങള്‍ നീറ്റുകക്ക പോലെ നീറാനും
കെടാക്കനല്‍ പോലെ വേവാനുമുണ്ട്


തീര്‍ച്ചയായും ഇടനെഞ്ചിലെ
തിരുമുറിവില്‍
ഇനിയൊരിക്കലുമൊരുകാലത്തും
അവകാശമുന്നയിക്കാനില്ലെങ്കിലും
എനിക്കുണ്ടായതില്‍ വെച്ചേറ്റവും
മനോഹരമായ മനുഷ്യനേയെന്ന്
നിങ്ങളരുളപ്പാടെഴുതാനുണ്ട്.
തീര്‍ച്ചയായും തീര്‍ച്ചയായും...
എനിക്കുണ്ടായതിന് നന്ദിയെന്ന്
നിങ്ങളോര്‍മകളിലും
മറവിയിലും പച്ചകുത്താനുണ്ട്!