ബുൾബുൾ
നഗരമൊരു
കുഞ്ഞു വാതിലാണ്.
എല്ലാ പകലുകളും
തുറന്നയിടത്തേക്ക്
ചുരുളുന്നു.
ശബ്ദങ്ങളെ മുഴുവന്‍
കൊക്കിലൊതുക്കുന്നൊരു
പക്ഷിയെ കാണാം.
അതിന്റെ കൈകാലുകള്‍
നഖത്തിന്റെ മുന.
കഴുത്തിന്റെ പാട്
താഴെയുള്ള മുഴുവന്‍ താളുകളിലും
തൊടുന്നുണ്ട്.
സംശയങ്ങള്‍
ചോദിക്കുന്ന ആ കുട്ടിയെ മാത്രം
കാണാറില്ല.
പക്ഷേ, അമ്മമ്മയെ
കാണാം.
അവര്‍ ചിത്രം വരയ്ക്കുന്നത്
പാട്ട് പാടുന്നത്
വെയിലിന്റെ നൂലുകോര്‍ത്ത്
ഒരു പരവതാനിയുണ്ടാക്കുന്നത്
കുറുക്കന്റെ കല്യാണത്തിന് പോന്നത്
അമ്മയോട് കലമ്പുന്നത്.
കഴിഞ്ഞദിവസം കഫേയില്‍
അവള്‍ക്ക് മുന്‍പിലിരിക്കുമ്പോള്‍
ഇളം വെറ്റിലയുടെയും
അടയ്ക്കയുടെയും
മണത്തില്‍
കെട്ടിടം കാണാതായി.
അവളുടെ തണുത്തുറഞ്ഞൊരു
കെട്ടിപ്പിടിത്തം
ഒരു വിടുതലായി.
മരണമൊരു
പകല്‍ക്കിനാവിലുള്ളിലെ കാറ്റാണെന്ന്
അവള്‍ പറഞ്ഞോണ്ടിരുന്നു.
അപ്പാര്‍ട്ട്‌മെന്റിന്റെ
ജനലുകളിലൂടെ
ഇടയ്‌ക്കൊരു ബുള്‍ബുള്‍
വിരുന്നുവരും.
അത് തിരികേപറന്ന്
അമ്മമ്മയുടെ തൂങ്ങിയാടുന്ന
കാതിലൊരു കൂടുവെയ്ക്കും
തന്റെ മുന്‍പിലിരുന്നാടുന്ന
കിളിയെയവര്‍ നോക്കി
വരയ്ക്കുകയായിരുന്നെന്ന്.
സങ്കല്‍പ്പത്തിനോട്
ഓര്‍മ പറഞ്ഞുകൊടുക്കുന്നു.