Poem

ഉയിർപ്പ്

കോട്ടയം പട്ടണത്തിന്റെ
വിളക്കുമാടങ്ങള്‍
അഴിഞ്ഞുവീഴുന്നൊരു രാത്രിയില്‍
ഉറച്ച താളത്തില്‍
പെരുംതുള്ളലാടി ഉഗ്രകോപിയൊരു മഴ.

കഷ്ടകാലം കൊണ്ട്
കല്ല് കൊത്തുന്ന
തല്ലുകൊള്ളിക്കുരുന്നിനെപ്പോലെ
ആടി നില്‍ക്കു
ന്നുറഞ്ഞു നില്‍ക്കുന്നു കൂറ്റനറ്റമുള്ള മരങ്ങള്‍.

മന്ന വീണപോലിറ്റു നേരത്തില്‍
ചത്തു നീറിക്കിടക്കുന്നു കുരുവികള്‍.
ശബ്ദം,
നിശ്ശബ്ദമൊടുങ്ങുമ്പോ 
ളാരവം ആര്‍ക്കുമായ്
കാക്കാതെ തീരുമ്പോള്‍
കുരുവിയുടെ രക്തം
കുതിരക്കുളമ്പടിയോളം
ഭൂമി ആകെ നൂറ്റിപ്പതിനായിരം
കിഴുത്തകള്‍ വീണൊരു വമ്പന്‍ ബലൂണ് പോല്‍
ശൂന്യമാവുന്നു.

ഒന്നാംദിനം കഴിഞ്ഞൊ
ട്ടുനേരം കഴിഞ്ഞിനി
രണ്ടാം ദിനത്തിന്‍ കടമ്പ
അതും കഴിഞ്ഞ്
മൂന്നാമിരവില്‍ ഞാനെത്തി
നോക്കുമ്പോള്‍
കുരുവികളില്ല നിലത്ത്
നിലാവുമില്ല വെളിച്ചവുമില്ല.
മന്ത്രമുറയുന്നൊരൊറ്റ യാമത്തില്‍
ഉയര്‍ന്നുവരുന്നു കുരുവികള്‍
പെരും കൈയുള്ള,
കഴുകിന്‍ ചിറകുള്ള പോലെ
അവയൊന്നാകെ ചിറകടിക്കുമ്പോള്‍
ഭൂമി രായ്പിളരുന്നതി 
നിടയ്ക്കൂടെ
സകല ജീവജാലങ്ങളും മറുകരയെത്തുന്നു.
പൊടുന്നനെ
മനുഷ്യനൂക്കോടെ വെട്ടിയ
വഴികളത്രയും
ദാക്ഷിണ്യമില്ലാതെ
വിണ്ടുകീറുന്നു.
ആകാശമേതോ ചുഴി കണക്കെ
കുരുവികളാര്‍ത്തു ചിറകടിക്കുന്നു
വമ്പന്‍ ചിറകുകള്‍ ഭൂമിയെ മൂടുന്നു

ഇന്നൊരിക്കല്‍ കൂടി
കോട്ടയം പട്ടണത്തിന്റെ
വിളക്കുമാടങ്ങള്‍
ആരെയുമോര്‍ക്കാ
തഴിഞ്ഞു വീഴുന്നു