ഒറ്റ്
കാഞ്ഞിരപ്പോയില്‍ ടൗണിലും മുണ്ടോട്ടുകവലയിലും ഒരു ദിവസം അടച്ച് പെരുതിയിട്ടും അശോകനെ കണ്ടില്ല എന്നറിഞ്ഞപ്പോള്‍ മാലിങ്കന്റെ കണ്ണും മീ ടും നമ്പ്യാര്‍വട്ടത്തിന്റെ ഇതള്‍പോലെ വെളുത്തുവന്നു. നരച്ചു തുടങ്ങിയ താടിരോമങ്ങള്‍ കൂട്ടിത്തടവി സുധാകരനും ദിനേശനും മുന്നേ നടന്ന് അയാള്‍ അച്ചുതേട്ടന്റെ റബ്ബര്‍ കയറി. രണ്ടുകൊല്ലം തെളിക്കാത്തത് കൊണ്ടാവണം തോട്ടം ഒരു ചെറിയ കാടായി മാറിയിരുന്നു.
റബ്ബര്‍തട്ടുകള്‍ ആരംഭിക്കുന്ന ചെരുവിലെ പൊളിഞ്ഞു വീഴാറായ ഷീറ്റടി ഷെഡ്ഡില്‍ എത്തിയതും മാലിങ്കന്‍ വല്ലാതെ അണച്ചു. ഇത്ര വെപ്രാളപ്പെട്ട് അയാളുടെ മുഖം ഇതിനുമുമ്പ് അവര്‍ രണ്ടുപേരും കണ്ടിട്ടില്ല. അടിനിര്‍ത്തി വര്‍ഷങ്ങളായിട്ടും ഗന്ധം മാറാത്ത ഡിഷുകളിലൊന്നിനെ കമിച്ചു വെച്ച് മൂവരും തിണ്ണയിലിരുന്ന് പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. ഒടുക്കം തോറ്റം കഴിഞ്ഞ പൊട്ടന്റെ അലര്‍ച്ചപോലെ ദിനേശന്‍ 'ആ മൈ... തപ്പാന്‍ ഇനി ഒരു സ്ഥലവും ബാക്കിയില്ല ഏത് അടുപ്പുംകുണ്ടില് പോയത് ഇവന്‍' സംഭരിച്ചുവെച്ച എല്ലാ ക്ഷമയും ഒരൊറ്റ തെറിയില്‍ വറ്റിച്ചുകൊണ്ട് ദിനേശന്‍ ഇടഞ്ഞുനിന്നു.
എന്നാല്‍ അതുവരെ മീടും കുത്തിപ്പിടിച്ച് ഏതോ വിചാരത്തില്‍ അമര്‍ന്നിരിക്കുകയായിരുന്ന മാലിങ്കന്‍ അന്നേരം ആപ്പിള്‍ മണ്ടയ്ക്കുവീണ ന്യൂട്ടണെ പോലെ അരത്തിണ്ണയില്‍നിന്നും എഴുന്നേറ്റ് മെഷീന്റെ കീഴിലേക്ക് നടന്നു. അടര്‍ന്നുവീണ സാമാന്യം മൂര്‍ച്ചയുള്ള ഒരു ആസ്ബറ്റോസ് കഷ്ണം കൊണ്ട് മണ്ണുമാന്തി സ്വയം ഒരു പെരുച്ചാഴിയായി. സീന്‍ വായിക്കാതെ ക്യാമറയ്ക്കുമുന്നില്‍ വന്ന രണ്ട് ആര്‍ട്ടിസ്റ്റുകള്‍ മാലിങ്കന്റെ അധ്വാനം നോക്കിനിന്നു. പല്ലു കൊള്ളുമ്പോള്‍ പറഞ്ഞുവരുന്ന ഇറച്ചിത്തുണ്ടം പോലെ മണ്ണിനെ നീക്കിനീക്കി മുന്നേറുന്ന ആ കൈകള്‍ അവസാനം ഒരു ഇരുമ്പിന്‍ദണ്ഡില്‍ വിജയം കണ്ടു.അരികുകളില്‍ പറ്റിയ കുഴമണ്ണിനെ തോണ്ടിക്കളഞ്ഞ് അയാള്‍ അതിനെ പൂര്‍ണമായും പുറത്തെടുത്തതും അമ്മിണിയുടെ അമ്മിഞ്ഞയില്‍ കൈകൊണ്ട പോലെ ദിനേശനും സുധാകരനും വാ പൊളിച്ചു. മോരാംഗലത്തെ വാഴത്തോട്ടത്തില്‍നിന്നും പന്നിയെ അടിച്ച അതേ തോക്ക് തന്നെയാണോ ഇത് എന്ന മിസ്റ്ററി മാലിങ്കന്റെ ഒറ്റനോട്ടം കൊണ്ട് അവര്‍ ചെയ്തു.
പന്നിമലത്തും കഴിഞ്ഞ് അശോകനുമൊത്ത് അണക്കെട്ടും കീഴിലിരുന്ന് ഇറച്ചിയും റാക്കും കുടിച്ചതും ജലസേചനം കഴിഞ്ഞ് തോക്കും തോളിലിട്ട് അമ്മിണിയുടെ വീട്ടിലേക്ക് കുന്നുകയറിയതും ബാക്കി മൂവരും മൂന്നുവഴി പിരിഞ്ഞതും ഒരു നനഞ്ഞ പിഞ്ഞാണമായി തൊലിപ്പുറം തൊട്ടു.
പിറ്റേന്ന് എന്നത്തെയും പോലെ അശോകന്‍ തന്റെ പണിപ്പാക്കും തോളിലിട്ട് പെയിന്റിങ് പണിക്ക് കാഞ്ഞങ്ങാട് വണ്ടികയറി. ബാക്കി മൂന്നുപേരും കുണ്ടിക്ക് വെയില് കൊള്ളുന്നതുവരെ കിടന്നുറങ്ങി പതിവ് തെറ്റിച്ചു. എന്നാല്‍ അന്നുരാവിലെ കാഞ്ഞങ്ങാട്ടേക്ക് പോയ അശോകന്‍ ഒന്നര ദിവസം കഴിഞ്ഞിട്ടും ഇതുവരെ മുണ്ടോട്ടേക്ക് തിരിച്ചുവന്നിട്ടില്ല. വേളായി നാരായണേട്ടന്റെ വളപ്പില്‍ വാഴയ്ക്ക് മണ്ണുകൂട്ടി തടമെടുക്കുകയായിരുന്നു മാലിങ്കന്‍. തലേന്ന് മോന്തിയോടെ ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ സി.പി. വിജയന്‍ തന്ന ന്യൂസുമായി സുധാകരനും ദിനേശനും മാലിങ്കനെ തേടി ചാപ്പവഴി തോട്ടത്തിലെത്തി. സുധാകരന്റെ തൊണ്ടയില്‍നിന്നും ചുര മാന്തിവന്ന ഒരു പന്നി അയാളുടെ നെഞ്ചില്‍ പേടിയുടെ കുളമ്പടികള്‍ പതിപ്പിച്ചു. 'അശോകന ഇന്നലെ സ്റ്റേഷനില് കണ്ടിനി. ഓന്‍ ഒറ്റിയൊന്ന് തംശിയമുണ്ട്. കിളച്ചുകൊണ്ടിരിക്കുന്ന മുരട്ടില്‍ അവസാനത്തെ കൈക്കോട്ട് മണ്ണുംകൂടി കൊത്തിയിട്ട് മൂവരും വളപ്പുകടന്നു. അശോകന്റെ വീട്ടിലേക്കുള്ള വഴിയിലുടനീളം അവന്റെ ഫോണിലേക്ക് മൂന്നുപേരും മാറിമാറി വിളിച്ചിട്ടും രക്ഷയില്ല. മറുതലയ്ക്കല്‍ റിങ്ങുണ്ടെങ്കിലും ആരും ഫോണ്‍ എടുക്കുന്നില്ല.' ഈ മൈ.. കാലാകാലത്തും ഫോണ്‍ എടുത്തറില ചാവ് ' ബാക്കി രണ്ടുപേരും അതിലെ അസാധാരണത്വം കണ്ടില്ലെങ്കിലും മാലിങ്കന് അപ്പോഴേ ഒരു ഒറ്റുകാരന്റെ മണമടിച്ചതാണ്. അശോകന്റെ വീട്ടിലേക്കുള്ള ഒതുക്കുകള്‍ കേറുമ്പോള്‍ അതങ്ങനെയാവല്ലേ എന്നയാള്‍ പ്രാര്‍ഥിച്ചു. വീട്ടില്‍ അശോകന്റെ ഓളും കുഞ്ഞീം മാത്രമേ ഉണ്ടായിരുന്നുള്ളു.' അശോകന്‍ ഓട്ത്തു?' സുധാകരന്റേതായിരുന്നു ചോദ്യം. 'എനക്കറീല്ല ഇന്നലേ ഇങ്ങോട്ട് വന്നിറ്റ' അരപ്പേജെങ്കിലും ഉത്തരം പ്രതീക്ഷിച്ച ആ ചോദ്യത്തിന് അവള്‍ ഒറ്റവാക്യത്തില്‍ മടക്കി. എത്രകണ്ട് ചോദിച്ചിട്ടും അളന്നുമുറിച്ച മറുപടികള്‍ കേട്ടപ്പോള്‍ത്തന്നെ മാലിങ്കന് മനസ്സിലായി. ഇതവള്‍ പഠിച്ചുപറയുന്നതാണ്.
മുറ്റത്ത് കളിക്കുന്ന ചെക്കനെ 'അടങ്കം വാരി' അവള്‍ ഉള്ളില്‍ കേറി വാതില്‍ അടച്ചതും അവര്‍ നൂറ്റിക്ക് നൂറിന് ഉറപ്പിച്ചു. അന്ന് പകല്‍ മുഴുവനും അവര്‍ അശോകന് വേണ്ടി മുണ്ടാട്ടും കാഞ്ഞിരപോയിലും കുടഞ്ഞിട്ട് പരിശോധിച്ചു. അവന്‍ പോകാന്‍ സാധ്യതയുള്ള ദിക്കുകളിലേക്കൊക്കെയും ഒറ്റയ്ക്കും തെറ്റയ്ക്കും പാഞ്ഞുകയറി. അണക്കെട്ടും കീഴ്, മണക്കടവ് ഷാപ്പ് അങ്ങനെ അവസാനം ആ തിരച്ചില്‍ അമ്മിണിയുടെ പാവാടവള്ളി വരെ എത്തി. അവനോടുള്ള തിളപ്പ് ഊഴം വെച്ച് അവര്‍ അവളില്‍ കുടഞ്ഞുതെറിപ്പിച്ചു. ഒടുക്കം തിരച്ചില്‍ മതിയാക്കി സുല്ലിട്ട് മാലിങ്കന് പിന്നാലെ റബ്ബറു കയറി. ചിന്തകള്‍ ഭാരമിറക്കിവെച്ച തലയിലെ കനം താങ്ങാനാവാതെ ഇടങ്കയ്യിലേക്ക് അരിച്ചുകയറി വന്നു. തിണയില്‍ ചാരിയ പാത്തിയിലേക്ക് ഇരുമ്പ് കുഴലിലൂടെ ആ ഒഴുക്ക് നീണ്ടപ്പോള്‍ മാലിങ്കന്റെ ഓര്‍മയില്‍ തെളിഞ്ഞുവന്നത് ആ രാത്രിയാണ്.
തലയില്‍ ഏറ്റിവച്ച ടാപ്പിങ് ലൈറ്റിന്റെ വെളിച്ചത്തില്‍ അവര്‍ നാലുപേരും മോരാംഗലത്തെ കണ്ടംവരെ എത്തി. കണ്ടംകടന്ന് അരമതില്‍ ചാടിയാല്‍ അശോകന്റെ വാഴത്തോട്ടമായി. തോട്ടത്തിന്റെ പത്തടി മുന്നിലൂടെ ഒഴുകുന്ന ചാലില്‍ ഇരുട്ട് വെള്ളത്തേക്കാള്‍ ശക്തമായി ഒഴുകുന്നത് അവരറിഞ്ഞു. കറുപ്പുകേറി അടഞ്ഞ ഒരു വാഴക്കൂട്ടത്തിനിടയില്‍ അവര്‍ സ്ഥാനം ഉറപ്പിച്ചു. മരണത്തിന്റെ കൈ പോലെ ഒരു വാഴയില കുന്തിച്ചിരുന്ന് ഉന്നം പിടിക്കുന്ന മാലിങ്കനെ പകുതിയിലധികം കവച്ചുവെച്ചു. കായസഞ്ചി തുറന്നു ഡപ്പയെടുക്കുമ്പോഴും തോക്കിന്റെ വായ് വട്ടത്തിലേക്ക് വെടിച്ചില്ല നിറയ്ക്കുമ്പോഴും ശബ്ദം പുറത്തുവരാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിച്ചു. ഇരുമ്പ് കോലിനിടയില്‍ വെടിച്ചില്ലുകള്‍ പരമാവധി ടൈറ്റായി എന്ന് ഉറപ്പിച്ച് മാലിങ്കന്‍ ഇരുട്ടിലേക്ക് തോക്ക് നീട്ടിയതും നിശ്ശബ്ദതയെ ഭേദിച്ച് ഒരു ഉഗ്രന്‍ പന്നി തോക്കിനുമുന്നില്‍ വട്ടംനിന്നതും ഒരുമിച്ചായിരുന്നു. ആദ്യത്തെ ആച്ചില്‍ത്തന്നെ മാലിങ്കന്‍ പന്നിയെ അടിച്ചിരുന്നെന്ന് മൃഗം മുക്രയിട്ടുകൊണ്ട് രണ്ടുചാല്‍ ഓടിയപ്പോള്‍ മാത്രമാണ് ബാക്കിയുള്ളവര്‍ക്ക് ബോധം വന്നത്. തൊട്ടുമുന്നിലെ വാഴപ്പോളയില്‍ തേറ്റ മുട്ടിക്കാനുള്ള ത്രാണിപോലും അതിനുണ്ടായിരുന്നില്ല. ഇടതു കഴുത്തിന്റെ തൊട്ടുതാഴെ മാലിങ്കന്‍ അതിന്റെ മരണം അടയാളപ്പെടുത്തി. ചോരയില്‍ കുളിച്ച ഇറച്ചിയുടെ കൊഴുപ്പില്‍ വെടിച്ചില്ലുകള്‍ ചെങ്കൊടിയിലെ നക്ഷത്രങ്ങളെപ്പോലെ വെട്ടിത്തിളങ്ങി.
ഏറെനേരത്തെ അധ്വാനത്തിനൊടുവില്‍ അവര്‍ അതിനെ ചാലിന്റെ കരയില്‍ എത്തിച്ചു. നനവില്ലാത്ത ഇടം നോക്കി ഉണങ്ങിയ ചേരലിലകള്‍ അടിച്ചുകൂട്ടി പന്നിയെ കിടത്തി. സഞ്ചിയില്‍ കരുതിയ കത്തിയെടുത്ത് നനകല്ലിലുരച്ച് മൂര്‍ച്ചകൂട്ടി. വെടിച്ചില്ലുകൊണ്ട് കരിഞ്ഞ ഭാഗം വെട്ടിമാറ്റി, തോലടര്‍ത്തി ഇറച്ചി സൈസാക്കി. അപ്പോഴേക്കും അശോകനും ദിനേശനും അണക്കെട്ടുംകാലില്‍ അടുപ്പ് സെറ്റാക്കി തീ പറ്റിച്ചിരുന്നു. അക്കരമ്മലെ വാഴത്തോട്ടത്തില്‍ നിന്നും വെട്ടികൊണ്ടുവന്ന വാഴയിലയില്‍ ഇറച്ചിത്തുണ്ടങ്ങള്‍ പൊതിഞ്ഞ് അടുപ്പത്തുവെച്ചു. പാതിവെന്ത അവത്തിറച്ചിയുടെ മണത്തിനായി മാലിങ്കന്‍ മൂക്ക് വിടര്‍ത്തി. വേവ് പാകമായെന്നുറപ്പായപ്പോള്‍ വിറകുകൊള്ളി വലിച്ച് ഇറച്ചിയും കനലും വേര്‍തിരിച്ചു. ബണ്ണൂര്‍ പറ്റിയ കഷണങ്ങള്‍ കുറുക്കൂട്ടിയിലയില്‍ തുടച്ച് വൃത്തിയാക്കി കഴിക്കാന്‍ തുടങ്ങവേ അശോകന് തൂറാന്‍മുട്ടി. അകത്തേക്ക് കൊണ്ടുപോയ ആദ്യകഷ്ണം തന്നെ തിരികെവെച്ച് അവന്‍ വാഴത്തോട്ടത്തിലേക്കോടി. കരളിന്റെ അധികം വേവാത്ത ഭാഗം പങ്കിടുന്നതിനിടയില്‍ ബാക്കിയുള്ളവര്‍ അതത്ര ശ്രദ്ധിച്ചില്ല. മൂന്ന് ഗ്ലാസില്‍ വാവട്ടം നിറയെ റാക്ക് പൊട്ടിച്ചൊഴിച്ച് മൂവരും ഒറ്റവലിക്ക് മോന്തിയതോടെ ബോധത്തിന്റെ കിളികള്‍ അവരില്‍നിന്നും പറന്നകന്നു. മാലിങ്കന്‍ പാടിയ വായ്താരിക്ക് ബാക്കി രണ്ടുപേരും ചുവടുവെച്ചു. കയറ്റിയുടുത്ത ലുങ്കി മാടികെട്ടിക്കൊണ്ട് അശോകന്‍ ഇതിനിടയിലേക്ക് കയറിവന്നു. നീക്കിവെച്ച ഇറച്ചിയും കള്ളും ദിനേശന്‍ എടുത്തുകൊടുത്തു. എന്നാല്‍ അശോകന്‍ അത് കഴിച്ചില്ല. 'തൂറ്റലായിന്ന് തോന്ന്. എനിക്ക് ബേണ്ട.' ഇതുകേട്ട് ബാക്കിയുള്ളവര്‍ ഉറക്കെ ചിരിച്ചുകൊണ്ട് അവന്റെ ഓഹരി കൂടിവാങ്ങി വായിലിട്ടു. തൊണ്ടക്കുഴിയിലൂടെ റാക്കിന്റെ എക്സ്പ്രസുകള്‍ക്ക് വഴിയൊരുക്കി.
ആഘോഷങ്ങള്‍ക്കൊടുവില്‍ കലാശക്കൊട്ടെന്നപോലെ അടുപ്പിലേക്ക് മൂത്രമൊഴിച്ച് ബാക്കിവന്ന കുപ്പിയും ഇറച്ചിയും തിരിച്ച് സഞ്ചിയിലാക്കി വീടുപറ്റാന്‍ വട്ടംകൂട്ടി. നടക്കുമ്പോള്‍ ഊര്‍ന്നുപോകുന്ന മുണ്ട് നേരെയാക്കാന്‍ മാലിങ്കന്‍ കൈയിലെ തോക്ക് അശോകനുനേരെ നീട്ടി. എന്നാല്‍ വേട്ട കഴിഞ്ഞ തോക്ക് തൊടാന്‍ തനിക്ക് പേടിയാണെന്ന മുന്‍കൂര്‍ ജാമ്യത്തോടെ അശോകന്‍ ഒഴിഞ്ഞുമാറി. ഇതിനിടയില്‍ കമാരേട്ടന്റെ തെങ്ങിന്‍തോപ്പ് കടക്കുമ്പോള്‍ മാലിങ്കന് അമ്മിണിയെ കാണണം എന്നൊരാശ തോന്നി. തോക്കും കുഞ്ചിയിലിട്ട്, വെടിച്ചില്ലു ഡപ്പി അരയില്‍ ചെ രുത്തി അയാള്‍ കുന്നുകേറി. ബാക്കി മൂന്നുപേരും ആലാമിച്ചന്റെ തോട്ടമെത്തിയപ്പോള്‍ മൂന്നുവഴിക്കായി പിരിഞ്ഞു. അശോകന്‍ ഇറച്ചി തിന്നാഞ്ഞതും തോക്കു തൊടാഞ്ഞതും എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ മാലിങ്കന് തിരിപാട് വന്നു. സുധാകരന്റെ ഫോണ്‍ കരയുന്നത് കേട്ടതും മാലിങ്കന്‍ സ്വബോധം വീണ്ടെടുത്തു. 'അശോകനാന്ന്' സുധാകരന്‍ അതിശയം കൂറി. മാലിങ്കന്റെ മുഖത്തുനോക്കി അവന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ കാത്തുനിന്നു. 'ഓനോട് ഇങ്ങോട്ട് ബെരാന്‍ പറ. ഓന സ്റ്റേഷനില് കണ്ട കാര്യം ഇപ്പൊ പറയണ്ട' മാലിങ്കന്‍ മുരടനക്കി. അശോകന്‍ ഫോണെടുത്തതുതന്നെ ഒരു ക്ഷമാപണത്തോടെയായിരുന്നു. നാടയിലെ ഒരു ദുബൈക്കാരന്റെ വക ഒരു പാര്‍ട്ടിയുണ്ടായിരുന്നെന്നും താനിതുവരെ കോട്ടപ്പുറം ഹൗസ് ബോട്ട് യാത്രയിലായിരുന്നെന്നും അവന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ മുന്‍പേ നീലേശ്വരത്തെത്തി. ഫോണ്‍ ചാര്‍ജ് ചെയ്തു. ഇപ്പോള്‍ നളന്ദയില്‍ കാരാക്കോട്ടേക്ക് വരുന്നുണ്ടെന്നും ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു.
കാരാക്കോട്ടുനിന്ന് അച്ചുതേട്ടന്റെ റബ്ബര്‍ തോട്ടത്തിലേക്ക് കയറിവരാന്‍ സുധാകരന്‍ അവനോട് ആവശ്യപ്പെട്ടു. കാര്യം അന്വേഷിച്ചപ്പോള്‍ എത്തിയിട്ട് പറയാം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പൊടുന്നനെ മാലിങ്കന്റെ ദേഹത്ത് ഒരു കൂളികൂടി. മുകളിലെ ഷീറ്റിനിടയില്‍ അയാളുടെ വിരലുകള്‍ എന്തിനോ വേണ്ടി തിരഞ്ഞു. ഒരു ഡപ്പി മൂലയില്‍നിന്നും വലിച്ചെടുത്ത് അയാള്‍ തുറന്നുനോക്കി. അന്നത്തെ വെടിച്ചില്ലില്‍ ഒരു ഔണ്‍സ് ഇനിയും ബാക്കിയുണ്ട്. തോക്കിന്‍ കുഴലിലേക്ക് വെടിമരുന്ന് നിറച്ച് മാലിങ്കന്‍ സുധാകരനെ നോക്കി. തിണ്ണ ചാടിക്കടന്ന് മെഷീനിടയില്‍ നിന്നും ഒരിരുമ്പ് കമ്പി വലിച്ചെടുത്ത് മാലിങ്കന് നേരെനീട്ടി. കുഴലിന്റെ വാവട്ടത്തില്‍ കോലിട്ട് മരുന്ന് പരമാവധി ടൈറ്റാക്കിയതും സുധാകരന്റെ ഫോണില്‍ വീണ്ടും അശോകന്റെ ഫോണ്‍കോള്‍.നിങ്ങ ഓട്ത്തു ഞാന്‍ റബ്ബറിലെത്തി. നിങ്ങക്കൊര് കോള്ണ്ട്. എത്തീറ്റ് പറയാ' അവന്റെ മാഞ്ഞാളം കേള്‍ക്കാതെ ഷെഡിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു. മുണ്ടിന്റെ കോന്തല ഒന്നുകൂടി മുറുക്കി മാടിക്കെട്ടി മാലിങ്കന്‍ തൊട്ടടുത്ത പൊന്തയിലേക്ക് നടന്നു. വലുതെന്തോ വരാന്‍ പോകുന്നു എന്ന ഭാവത്തോടെ ദിനേശനും സുധാകരനും അയാളെ അനുഗമിച്ചു. കമ്യൂണിസ്റ്റ് കാടുകള്‍ക്കിടയിലൂടെ അശോകന്റെ പാതയെ ഉന്നംവെച്ച് മാലിങ്കന്‍ തോക്ക് നീട്ടി. ചുരമാന്തിവരുന്ന പന്നി ഇപ്പോള്‍ തനിക്കുമുന്നിലൂടെ കടന്നുപോകും എന്ന ഗൗരവത്തില്‍ അയാള്‍ ഏകാഗ്രനായി. കാടുംപടലവും വകഞ്ഞുമാറ്റിക്കൊണ്ട് അശോകന്‍ ഷെഡിലേക്കുള്ള വഴിയിലെത്തി. പുല്ലുകളില്‍ അവന്റെ കാല്‍തട്ടി ഉയരുന്ന ശബ്ദം ഒഴിച്ചാല്‍ തോട്ടം തീര്‍ത്തും നിശ്ശബ്ദം. അവന്‍ ഷെഡിന്റെ ഒതുക്കുകയറിയതും മാലിങ്കന്‍ തോക്കടിച്ചതും ഒരേ ആച്ചിലായിരുന്നു. അശോകന്‍ സ്പോട്ടില്‍ കാഞ്ഞു.
ഇടത്തെ കഴുത്തിലും നെഞ്ചിന്‍ കൂടിലും വെടിച്ചില്ലുകള്‍ തീര്‍ത്ത സുഷിരങ്ങളിലൂടെ പ്രാണന്‍ ഒഴിഞ്ഞുപോയപ്പോള്‍ അവനൊന്ന് പിടഞ്ഞു. പിന്നെ അനങ്ങിയില്ല. പത്തടി ദൂരത്തുനിന്നുള്ള ഒറ്റനോട്ടത്തില്‍ തന്നെ മാലിങ്കന്‍ അവന്റെ മരണം ഉറപ്പിക്കേ തോട്ടത്തിനുതാഴെ നിന്നും ഒരു വിസിലടി കേട്ടു. ആരുടേതാണ് ആ വിസില്‍? തോക്ക് തോളിലിട്ട് തട്ടുകേറിയോടുമ്പോള്‍ അറിയാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അയാള്‍ തിരിഞ്ഞുനോക്കിയില്ല.തന്നെ തിരഞ്ഞുവരുന്ന ശബ്ദങ്ങള്‍ എത്രയോ അകലെയാണെന്ന് അറിഞ്ഞിട്ടും മാലിങ്കന്‍ ഓട്ടത്തിന്റെ ഊക്ക് കുറച്ചില്ല. വിക്രമാദിത്യന്‍ പേറുന്ന വേതാളത്തെ പോലെ തോളില്‍ ഞാത്തിയിട്ട് തോക്ക് ഓരോ കുതിപ്പിലും അയാളില്‍ അധികഭാരം ഇറക്കിവെച്ചു. രാവിലെ കുടിച്ച കുളുത്തിന്റെ വെള്ളമല്ലാതെ വയറ്റില്‍ യാതൊന്നുമില്ല. കുടലില്‍ നിന്നും എന്തോ ഒന്ന് നെഞ്ചിലേക്ക് ഉരുണ്ടുകയറുന്നത് അയാള്‍ അറിഞ്ഞു. എന്നിട്ടും കാലുകള്‍ ലക്ഷ്യമില്ലാതെ ഓട്ടം തുടര്‍ന്നു. ഒടുക്കം വെടിതീര്‍ന്ന വാണക്കോല്‍ പോലെ അയാള്‍ ഒരു വാഴതടത്തിലേക്ക് കൂപ്പുകുത്തി. എത്രനേരം ആ കിടപ്പുകിടന്നു എന്ന് ഓര്‍മയില്ല. ബോധത്തിന്റെ കിളികള്‍ അയാളിലേക്ക് താണുപറന്നപ്പോള്‍ നേരം ഇരുട്ടിയിരുന്നു. മണ്ണില്‍ പുതഞ്ഞ കമ്പായം അരയിലേക്ക് തിരികെ ചുറ്റി അയാള്‍ വാഴത്തടത്തില്‍ എഴുന്നേറ്റിരുന്നു. തനിയെ ശ്വസിക്കാം എന്നായപ്പോള്‍ ഒരു ചെമ്പ് വായു അകത്തേക്ക് വലിച്ചെടുത്തു. നെഞ്ചിന്കൂടില്‍ വട്ടംകറങ്ങി അതിന്റെ ഉച്ഛ്വാസം പുറത്തേക്കുവരും മുമ്പേ ഒരു മണം അയാളിലേക്ക് കാലിറക്കി വെച്ചു. കാട്ടുപന്നിയുടെ ചെന. അയാള്‍ വേഗം തോക്കെടുത്ത് ചുറ്റും കണ്ണ് പായിച്ചു. ഏറിയും കുറഞ്ഞും വരുന്ന ഇരുട്ടില്‍പോലും അത് അശോകന്റെ തോട്ടമാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്കാധികം സമയം വേണ്ടിവന്നില്ല. ഓട്ടത്തിനിടയില്‍ അരയില്‍ ചെരുതിയ ഡപ്പിക്കായി വിരലുകള്‍ കോന്തല തിരഞ്ഞു. അത് ശൂന്യമാണെന്നറിഞ്ഞപ്പോള്‍ താനിത്ര നേരം ചുമന്നുകൊണ്ടിരുന്നത് ഒരു ശവത്തെയാണെന്ന് മാലിങ്കന് തോന്നിപ്പോയി. കമ്യൂണിസ്റ്റ് പച്ചകളില്‍നിന്നും പുറത്തുചാടിയ ശബ്ദം അയാളുടെ സ്വബോധത്തിലേക്ക് കല്ലെറിഞ്ഞു. ഇരുട്ടിന്റെ കനം കൂടുന്തോറും ഭയം തുടയിടുക്കുകള്‍ നനച്ചു. ശരീരത്തിന്റെ വിറയല്‍ നിയന്ത്രിക്കാന്‍ പാത്തിയില്‍ പിടിമുറുക്കി. മരണമടുക്കുന്ന ഇരയുടെ വെപ്രാളം ആസ്വദിച്ചുകൊണ്ട് ഇണയെ നഷ്ടപ്പെട്ട ഒരു കാമുകന്‍ തനിക്കുനേരെ അടുക്കുന്നതറിയാതെ അയാള്‍ മുന്നോട്ട് നടന്നു.