Article

'അഥീന' ഒരു ത്രില്ലടിപ്പിക്കുന്ന സിനിമ അനുഭവം

തുടക്കം മുതൽ ഒടുക്കം വരെ ഓരോ ഫ്രെയിമിലും പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന ഗംഭീര സിനിമാ അനുഭവം. ഒറ്റ വാചകത്തിൽ ഇതാണ് ഫ്രഞ്ച് സിവിൽ

വാറിന്റെ കഥ പറയുന്ന 'അഥീന'. കാഴ്ചക്കാരനെ രോമാഞ്ചം കൊള്ളിക്കുന്ന മേക്കിങ് തന്നെയാണ് 'അഥീന'യുടെ ഏറ്റവും വലിയ പ്രത്യേകത. 2022

സെപ്റ്റംബറിൽ റിലീസായ ഈ ചിത്രം ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്. ലോകത്താകെയുള്ള സിനിമാ ആസ്വാദകരുടെ കൈയടി നേടുന്ന ചിത്രം

2022-ലെ മികച്ച ലോക സിനിമകളിൽ ഒന്നായി കണക്കാക്കാം. നെറ്റ്ഫ്‌ലിക്‌സാണ് ഈ ഫ്രഞ്ച് ആക്ഷൻ ഡ്രാമ സംപ്രേഷണം ചെയ്യുന്നത്. സിനിമയിൽ

പ്രാവർത്തികമാക്കാൻ പ്രയാസമേറെയുള്ള ഷോട്ടുകളിലൊന്നാണ് നീളമേറിയ സിംഗിൾ ഷോട്ടുകൾ. സംവിധാന മികവും ക്യാമറ ടീമും അഭിനേതാക്കളും

ഒക്കെ അടങ്ങുന്ന ക്രൂവിന്റെ പൂർണ പിന്തുണയും കഠിനാധ്വാനവും പരിശീലനവും കുറച്ചൊക്കെ ഭാഗ്യവും നീളമേറിയ സിംഗിൾ ഷോട്ടിനായി വേണ്ടിവരും.

നീളമേറിയ സിംഗിൾ ഷോട്ട് സീനുകൾ കൊണ്ട് പ്രേക്ഷകനെ അദ്ഭുതപ്പെടുത്തിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. സാം മെൻഡസ് സംവിധാനം ചെയ്ത '1917', ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കമാലി ഡയറീസ്' തുടങ്ങിയ ചിത്രങ്ങൾ അത്തരത്തിൽ ത്രില്ലടിപ്പിച്ചവയാണ്. ഇക്കൂട്ടത്തിലേയ്ക്കുള്ള ഏറ്റവും പുതിയ എൻട്രിയാണ് റോമെൻ ഗാവ്‌റസ് ഒരുക്കിയ 'അഥീന'. ഫ്രഞ്ച്-അൽജീരിയൻ കുടുംബത്തിലെ ഇദിർ എന്ന കുട്ടിയുടെ കൊലപാതകത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. കൊല്ലപ്പെടുന്ന ഈ ആൺകുട്ടിയുടെ മൂന്ന് സഹോദരന്മാരിലൂന്നിയാണ് പിന്നീട് കഥ പുരോഗമിക്കുന്നത്. സഹോദരന്മാരിൽ ഒരാൾ ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥനായ അബ്ദേൽ. മറ്റൊരാൾ കമ്മ്യൂണിറ്റി ലീഡറായ കരീം. മറ്റൊരു കഥാപാത്രം ഡ്രഗ് ഡീലറായ മോക്തർ.

സഹോദരന്റെ മരണത്തിനു പിന്നിൽ പോലീസ് ആണെന്ന് ആരോപിച്ച് കരീം നയിക്കുന്ന കലാപമാണ് ചിത്രത്തിന്റെ കാതൽ. പോലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കൈക്കലാക്കുന്ന കലാപകാരികൾ അഥീന എന്ന പ്രദേശത്തിന്റെ തെരുവുകളിൽ ഭീതി പടർത്തുന്നു. സഹോദരനെ പിന്തിരിപ്പിച്ചുകൊണ്ട് കലാപം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് അബ്ദേൽ. ഇരുവരും തമ്മിലുള്ള ആശയങ്ങളുടെ പോരാട്ടം കൂടിയാണ് ചിത്രം. കലാപകാരികളെ തടയാൻ ശ്രമിക്കുന്ന പോലീസുകാരുടെ മാനസിക സംഘർഷങ്ങളും സംവിധായകൻ പ്രേക്ഷകനു മുന്നിലെത്തിക്കുന്നുണ്ട്. കുറച്ചു സമയത്തിൽ സംഭവിക്കുന്ന കാര്യങ്ങളെ ആസ്പദമാക്കിയാണ് ചിത്രം മുന്നേറുന്നത്. കുടിയേറ്റക്കാർ നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ചെറുത്തുനിൽപ്പും പ്രത്യാക്രമണവുമൊക്കെ കൃത്യമായി ചിത്രം പറഞ്ഞുപോകുന്നുണ്ട്. എന്നാൽ, ശക്തമായൊരു സ്ത്രീ കഥാപാത്രത്തിന്റെ സാന്നിധ്യം ചിത്രത്തിൽ കാണാനാകുന്നില്ല.

ഫ്രഞ്ച് പൊളിറ്റിക്‌സ് ചർച്ച ചെയ്യുന്ന, മേക്കിങ്ങിന് പ്രാധാന്യം നൽകി ഒരുക്കിയ അഥീനയിൽ താരങ്ങളുടെ പ്രകടനം പ്രത്യേക കൈയടി അർഹിക്കുന്നുണ്ട്. സഹോദരന്മാരായി വേഷമിട്ട സാമി സിലിമാനെയും ദാലി ബെൻസലായും ഗംഭീര പ്രകടനമാണ് നടത്തിയത്. മതിയാസ് ബോകാർഡാണ് അഥീനയുടെ ആത്മാവായ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കോരിത്തരിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ഗ്രാഫ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 99 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ലോക സിനിമകളോട് താത്പര്യമുള്ളവർക്കും പരീക്ഷണ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കാനാകുന്ന ചിത്രമാണ് 'അഥീന'.